സകല മരിച്ചുപോയവരുടെയും (ആനീദേ) ഞായറാഴ്ചത്തെ പ്രുമിയോൻ
Rev. Dr. Raju Varghese (Vicar)
തന്റെ പരിശുദ്ധ ശരീരത്താൽ തന്റെ ഇടവകയെ പുലർത്തുകയും തന്റെ വിലയേറിയ രക്തത്താൽ തന്റെ സഭയുടെ ദാഹം ശമിപ്പിക്കുകയും ചെയ്യുന്ന യഥാർത്ഥ ഇടയനാകുന്ന തനിക്ക്, അടക്കം കൂടാത്ത സ്തുതിയും മാഞ്ഞുപോകാത്ത സ്തോത്രവും അവസാനമില്ലാത്ത പുകഴ്ചയും, പ്രഭയുള്ളതും ശ്രേഷ്ഠതയുള്ളതുമായ സ്തുതികളും, മാധുര്യമുള്ളവയും സന്തോഷമുള്ളവയുമായ കിന്നരങ്ങളാൽ അണയ്ക്കുവാൻ ഞങ്ങൾ യോഗ്യരായിത്തീരണമെ. ദയാലുവായ തന്റെ ശരീരത്താൽ എല്ലാ മക്കളും ശുദ്ധീകരിക്കപ്പെടുന്നു. എല്ലാ കൂട്ടങ്ങളും തന്റെ രക്തത്താൽ ഇമ്പപ്പെടുന്നു. എല്ലാ കിരീടങ്ങളും തന്റെ ശ്രേഷ്ഠതയെ ആരാധിക്കുന്നു. സർവജാതികളും തനിക്കു മഹത്വം പാടുന്നു. ഈ വിശുദ്ധ ബലി അർപ്പിക്കുന്ന ഈ നേരത്തിലും സകല നാവുകളിൽ നിന്നും വന്ദനവും കടപ്പെട്ടിരിക്കുന്നു. ബ്കുൽഹൂൻ…..
സെദറാ
കരുണയും മനോഗുണവും നിറഞ്ഞിരിക്കുന്നവനോ, നിന്നെ ഞങ്ങൾ വന്ദിക്കുകയും സ്തുതിച്ചു സ്തോത്രം ചെയ്തു പുകഴ്ത്തുകയും ചെയ്തുകൊണ്ട് നിന്റെ കൃപയോടു യാചിക്കുന്നു. പഴയ ലോകം അതിനാൽ പുതുതാക്കപ്പെടുന്നു എന്ന കിഴക്കു ഭാഗത്തുദിക്കുന്ന സ്ലീബായുടെ വലിയ അടയാളത്തെ ആഘോഷിക്കുന്ന മാലാഖമാരുടെ സൈന്യത്തോടും, ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിമയന്മാരുടെ കൂട്ടത്തോടും, സ്വർഗമേഘങ്ങളിൽ വരുന്നവനായ നിന്റെ ദൈവത്വത്തിന്റെ മഹത്വമുള്ള പ്രഭ പ്രത്യക്ഷപ്പെടുന്നതായ ആ വലിയ ദിവസത്തിൽ, ഞങ്ങളുടെ മനുഷ്യത്വത്തിന്റെ മെനച്ചിലിനോടുകരുണ തോന്നി അനുഗ്രഹം ചെയ്യണമേ. (അന്നു) മരിച്ചവർ പാതാളത്തിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കും.
ന്യായവും നീതിയും പ്രവർത്തിക്കേണ്ടതിനായി മഹത്വത്തോടെ വരുന്ന ആ ശ്രേഷ്ഠതയുടെ എതിരേല്പിനായി അവർ പുറപ്പെടും. ആ ശ്രേഷ്ഠതയ്ക്കുമുമ്പായി മഹത്വമുള്ള ശബ്ദം വരുന്നു. (ആ ശബ്ദം) ഭൂമിയെ കുലുക്കുകയും പർവ്വതങ്ങളെ ഇളക്കിമറിക്കുകയും ചെയ്യുന്നു. അന്ന് കര ഭൂമിയെ നശിപ്പിക്കുകയും സമുദ്രത്തെ ഉണക്കുകയും ചെയ്യുന്നു. ആകാശവിരിവിനെ ചുരുട്ടുന്നു. സൂര്യനെ അന്ധകാരപ്പെടുത്തുന്നു. ചന്ദ്രനെ മായിക്കുന്നു. നക്ഷത്രങ്ങളെ അവയുടെ നിരകളിൽ നിന്ന് വീഴിക്കുന്നു. തന്റെ ആശ്രിതന്മാരുടെയും വിശുദ്ധ കൂട്ടങ്ങളുടെയും വായ്കളാൽ, കൊമ്പിന്റെയും കാഹളത്തിന്റെയും വിളിയുടെ ഭയങ്കര ശബ്ദം അട്ടഹസിക്കുന്നു. എരുതീയിൻ കൂട്ടങ്ങളുടെ വായ്കളിൽ നിന്ന് മുഴക്കത്തിന്റെ ശബ്ദങ്ങളാൽ പാറകൾ പിളരുന്നു. മറഞ്ഞുകിടക്കുന്നതായ മരിച്ചവരെ കബറുകളുടെ ഉള്ളിൽ നിന്ന് പുറത്തുകൊണ്ടുവരുവാനായി വിളങ്ങുന്ന പാതാളത്തിന്റെ വാതിൽ തുറക്കപ്പെടുന്നു.
ജീവനോടിരിക്കുന്നവരും മരിച്ചുപോയവരുമായ ആദാമിന്റെ വർഗ്ഗം ഒരുമിച്ച് പുറപ്പെടുന്നു. കണ്ണിമയ്ക്കുന്നതിനിടയിൽ മണ്ണിൽ നിന്നും പൊടിയിൽ നിന്നും അവരെ ഉയർപ്പിക്കുവാനായിട്ട് തന്റെ പിതാവിന്റെ മഹത്വത്തോടെ വരുന്നവനായ ദൈവപുത്രനെ സ്വീകരിപ്പാൻ പോകുന്നു. മുഖസ്തുതി ഇല്ലാത്തതായ നീതിയോടു കൂടിയ ഭയങ്കര ന്യായവിധിക്കായി സകല മനുഷ്യരെയും ഒരുമിച്ചു കൂട്ടുവാൻ, അഗ്നിമയന്മാരും ആത്മമയന്മാരുമായ ഈറേന്മാരും, എരുതീയുടെ കൂട്ടങ്ങളും ലോകമൊക്കെയിലും പറന്ന് നടക്കുന്നു. ആദാമും ഹവ്വായും അവരോടുകൂടെ ശത്രുവും പ്രവേശിക്കുന്നു. ഒന്നാമതായി കൊല്ലപ്പെട്ടിട്ടുള്ളവനായ ഹാബേൽ, അവന്റെ മുറുവുകളോടും അവനെ എറിഞ്ഞിട്ടുള്ള കല്ലുകളോടും കൂടെ പ്രവേശിക്കുന്നു. ശേത്തിന്റെ മക്കളുടം എല്ലാ തലമുറകളും, അവനോടുകൂടെ ശപിക്കപ്പെട്ടവനും കൊല്ലപ്പെട്ടവനുമായ കായേന്റെ മക്കളുടെ അശുദ്ധ തലമുറയും വരുന്നു.
നീതിമാനും സത്യവാനും ജനങ്ങളെ പെട്ടകത്തിൽ ഇരുത്തിയവനുമായ നോഹ വരുന്നു. ജാതികളുടെ പിതാവായ അബ്രഹാം വിശ്വാസത്തോടും, ദുഷ്ടനായ ഫറവോൻ അബിമേലേക്കിനോടും കൂടെ അടുത്തുവരുന്നു. നീതിമാനായ ഈയ്യോബും അവന്റെ മക്കളും ധീരതയുടെ വലിയ ഭംഗിയോടെ വരുന്നു. അവരോടുകൂടെ സകല വഞ്ചനയുടെയും തലവനും അവന്റെ സൈന്യങ്ങളും പ്രവേശിക്കുന്നു. കത്തിയുടെ മുമ്പാകെ മുഖം മറയ്ക്കാതെ കെട്ടപ്പെട്ടിരുന്നവനും, അവന്റെ പിതാവ് അവന് ബലികഴിച്ച കുഞ്ഞാടിനാൽ രക്ഷപ്രാപിച്ചവനുമായ പരിപാകതയുള്ള ഇസഹാക്ക് വരുന്നു. നീതിമാനായ യാക്കോബും അവന്റെ കൂടെ അവനെ പീഡിപ്പിച്ചിരുന്ന അവന്റെ സഹോദരൻ ഏശാവും വരുന്നു. പരിപാകതയും വിനയമുള്ളവനുമായ യൗസേപ്പും, അവന്റെ കൂടെ അവനെ വിറ്റുകളഞ്ഞ സഹോദരന്മാരും, അവന്റെ സൗന്ദര്യത്തെ ആക്രമിക്കുകയും ആ വിശുദ്ധിയെ അപമാനിക്കുവാൻ ആഗ്രഹിക്കുകയും ചെയ്തവളായ മെസ്രേൻ കാരിയും വരുന്നു. പ്രധാനാചാര്യന്മാരും മഹാപുരോഹിതന്മാരുമായ മൂശയും അഹറോനും, അവരോടുകൂടി അഹങ്കാരിയായ ഫറവോനും വരുന്നു. സൂര്യനെയും ചന്ദ്രനെയും ആകാശവിരിവിൽ തടഞ്ഞു നിർത്തിയ യേശു ബർനൂനും അവന്റെ കൂടെ തിന്മപ്പെട്ടതും മത്സരമുള്ളതുമായ തലമുറയും വരുന്നു. ദീർഘദർശിയായ ശമുവേലും അവനോടുകൂടെ ഏലിയുടെ മക്കളും വരുന്നു. ദാവീദു രാജാവും അവന്റെ പുത്രനായ അബ്ശാലോമും അവന്റെ കൂടെ മത്സരക്കാരനായ ശൗലും വരുന്നു. ആചാന്യന്മാരായ ഫിനഹാസും, എലയാസറും പ്രവാചകനായ ഏലിയായും അവരോടുകൂടെ നീതികെട്ട രാജാവായ ആഹാബും നിന്ദിക്കപ്പെട്ടവളായ ഇസബേലും വരുന്നു. ഏലീശാ പ്രവാചകനും, അവനോട് കൂടെ കൊതിയനും ദ്രവ്യാഗ്രഹിയുമായ ഗേഹാസിയും വരുന്നു.. യിരമ്യാ പ്രവാചകനും അവനെ ചെളിയിൽ തള്ളയിട്ട സെദക്യാരാജാവും വരുന്നു.
ഹസ്കിയേൽ പ്രവാചകൻ അവന്റെ ഒളിപാടുകളോടും, അവന്റെ ജനങ്ങൾ അവരുടെ പാപങ്ങളോടും കൂടി വരുന്നു. സുന്ദരപുരുഷനായ ദാനിയലും അവന്റെ കൂടെ കുരള പറഞ്ഞ ബാബേൽക്കാരും വരുന്നു. ഏശായ പ്രവാചകനും അവന്റെ കൂടെ അവനെ വെട്ടിയ രാജാവും വരുന്നു. ഹാനാനിയ മുതലായ പൈതങ്ങളും അവരോടുകൂടെ വിഗ്രഹാരാധനക്കാരും വരുന്നു. ശ്മൂനിയുടെ മക്കളും അവരുടെ ഗുരുവായ എലയാസറും അവരോടുകൂടെ അന്ത്യോക്കസ് മുതലായവരുടെ സകല വഞ്ചനയും വരുന്നു. പതിവ്രതയായ ശൂശാനും അവളോടുകൂടെ നീതികെട്ട ആചര്യന്മാരായ ആഹാബും സെദക്യായും വരുന്നു. യോഹന്നാൻ മാംദാനയും അവനോടുകൂടെ കാമതുരയായ ഹേരോദ്യയും വരുന്നു. പത്രോസും പൗലോസും അവരോടുകൂടെ നീറോയും ക്ഷുദ്രക്കാരനായ ശീമോനും വരുന്നു. പരുശുദ്ധ ശ്ലീഹന്മാരും അവരുടെ ന്യായാധിപന്മാരും വരുന്നു. പോരാട്ടക്കാരും ധീരന്മാരും അവരെ കല്ലെറിഞ്ഞവരും വരുന്നു. കൊല്ലപ്പെട്ടവരും അവരെ കൊന്നവരും ആക്രമിക്കപ്പെട്ടവരും അവരെ അക്രമം ചെയ്തവരും വരുന്നു. മുഖപക്ഷമില്ലാത്ത നീതിയോടുകൂടിയ ഭയങ്കര ന്യായവിധിക്കായി ആദാമിന്റെ മക്കള്‍ എല്ലാവരും ഒരുമിച്ച് വരുന്നു.
നിന്റെ ശ്രേഷ്ഠത, രഥത്തിന്മേല്‍ പുറപ്പെടുന്നതായ പരിഭ്രമത്തിന്റെ ആ നേരത്ത് ഭയത്തിന്റെ ആ ദിവസത്തില്‍, വിറയലിന്റെ ആ നാഴികയില്‍, വണ്ടിച്ചക്രങ്ങളുടെ ഇടയില്‍ നിന്ന് പരിഭ്രമകരമായ ആ ശബ്ദം കേള്‍ക്കപ്പെടുന്നു. സ്വര്‍ഗീയര്‍ ഓടുന്നു. അഗ്നിസമുദ്രം തുറക്കപ്പെടുന്നു. അഗ്നിമയന്മാര്‍ ഇളകുന്നു. എരിതീ ധരിച്ചവര്‍ ഭ്രമിക്കുന്നു. നിന്റെ നീതിയെ കോപിപ്പിച്ചിട്ടുള്ള എല്ലാവരെയും അവരുടെ ജ്വാലകള്‍കൊണ്ട് അവര്‍ ദഹിപ്പിക്കുന്നു. എരിതീയുടെ ഉറവുകള്‍ എല്ലാ മത്സരക്കാരെയും വഴിതെറ്റിയവരെയും അതി വേദനപ്പെടുത്തുവാന്‍ ഓടുന്നു. വലതുഭാഗം തുറക്കപ്പെടുന്നു. മഹത്വത്തിന്റെ സമുദ്രം ഉദിക്കുന്നു. പ്രകാശത്തിന്റെ കതിരുമിന്നുന്നു. രാജ്യത്തിന്റെ ഭാഗ്യം വെളിപ്പെടുന്നു. നീതിമാന്മാരുടെ മണവറയും ശുദ്ധിമാന്മാരുടെ അറകളും കന്യാവ്രതക്കാരുടെ പന്തിയും നോമ്പുകാരുടെ ഭാഗ്യതരമേശയും കാണപ്പെടുന്നു. കൃപ വലതുഭാഗത്തുള്ളവരില്‍ സന്തോഷിക്കുന്നു. ഇടതുഭാഗത്തുള്ളവരെ പുറത്തെ അന്ധകാരക്കിലേക്ക് തള്ളുവാന്‍ നീതി ഇടി മുഴക്കുന്നു. ദുഷ്ടന്മാര്‍ തല കുനിച്ച് നില്‍ക്കുന്നു. കുരിശില്‍ തറപ്പുകാരുടെ മുഖങ്ങള്‍ ലജ്ജിക്കുന്നു. അവിശ്വാസികളില്‍ നിന്ന് സത്യമായ സ്‌തോത്ര ശബ്ദം ഉയരുന്നു. കന്യാവ്രതക്കാര്‍ ആനന്ദിക്കുന്നു. ശുദ്ധിമാന്മാര്‍ സന്തോഷിക്കുന്നു. നീതിമാന്മാര്‍ ഉല്ലസിക്കുന്നു. പുണ്യവാന്മാര്‍ ആഹ്ലാദിക്കുന്നു. മണവറ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മേശ ഒരുക്കിയിരിക്കുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ നിത്യമായ ജീവിതത്തില്‍ സന്തോഷിച്ചുല്ലസിക്കുന്നു. ബിദ്ധിയുള്ള കന്യകമാര്‍ തങ്ങളുടെ ദീപയഷ്ടികളോടുകൂടി സന്തോഷിക്കുന്നു. നരകം ജ്വലിക്കുന്നു. രാജ്യം പ്രകാശിക്കുന്നു. ശ്ലീഹന്മാര്‍ ന്യായം വിധിക്കുന്നു. ഇസ്രായേല്‍ ഗോത്രങ്ങള്‍ വിധിക്കപ്പെടുന്നു. പാറകള്‍ പിളര്‍ക്കപ്പെടുന്നു. കബറുകള്‍ തുറക്കപ്പെടുന്നു. ജീവനുള്ളവര്‍ പറക്കുന്നു. മരിച്ചവര്‍ വീഴുന്നു. നല്ലവര്‍ ഉയരത്തിലേക്ക് കയറുന്നു. ദുഷ്ടന്മാര്‍ അഗാധത്തിലേക്ക് ഇറങ്ങുന്നു. കാണപ്പെടുന്നവ കടന്നുപോകുന്നു. കാണപ്പെടാത്തവ നിലനില്‍ക്കുന്നു. ഇവിടെയുള്ളവ മാഞ്ഞ് അഴിഞ്ഞ് പോകുന്നു. അവിടെയുള്ളവ അവസാനമില്ലാതെ നില്‍ക്കുന്നു. ആഗ്രഹങ്ങള്‍ക്ക് തികവു വരുന്നില്ല. അതിവേദനകള്‍ അവസാനിക്കുന്നില്ല. ഭാഗ്യങ്ങള്‍ നിലനില്‍ക്കുന്നു. ജീവന്‍ വാഴുന്നു. പ്രകാശം അന്ധകാരപ്പെടുന്നില്ല. മഹത്വം അഴിയുന്നില്ല. നീതി എന്നേക്കുമായിരിക്കുന്നു. ജീവന്‍ തലമുറകളോളം ഇരിക്കുന്നു. ഞങ്ങളുടെ കര്‍ത്താവേ! നിന്റെ ആംഗ്യം ഇവയൊക്കെയും കല്‍പ്പിക്കുകയും നിന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായ ആ നാളില്‍ സ്വന്തപാപങ്ങളില്‍ വഷളായിപ്പോയ ഞങ്ങളുടെ സൃഷ്ടിയെയും രൂപത്തെയും കുറിച്ച് ദയ തോന്നണമെ.
എന്റെ കര്‍ത്താവേ! ഞങ്ങളോടും നിന്റെ കല്‍പ്പനകള്‍ ആചരിച്ചിട്ടുള്ളവരായ നിന്റെ വാത്സല്യവാന്മാരോടും: ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്ന് നീ പറയരുതെ. എന്നാലോ എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഏവനും ന്യായവിധിയിലേക്ക് പ്രവേശിക്കുന്നില്ല; എന്നാലോ മരണത്തില്‍ നിന്ന് ജീവനിലേക്ക് മാറിയിരിക്കുന്നു എന്ന്, നിന്റെ പരിശുദ്ധ തിരുവായ് അരുളിച്ചെയ്ത വചനം, ഞങ്ങളുടെ അടുക്കലും അവരുടെ അടുക്കലും നിവര്‍ത്തിക്കേണമെ. അവിടെ ആ നാളില്‍ ഞങ്ങളും ഞങ്ങളുടെ മരിച്ചവരും, വിശ്വാസികളായ സകല മരിച്ചവരും നിന്റെ പ്രത്യക്ഷതയ്ക്ക് സ്തുതിയും നിന്റെ ദൈവത്വത്തിന് സ്‌തോത്രവും പാടുമാറാകണമെ. ഹോശോ……..