Saturday, April 20, 2024
spot_imgspot_img

വലിയ നോമ്പിലെ നമസ്കാരം – സന്ധ്യാ പ്രാർത്ഥന

കൗമാ ചൊല്ലിയതിനുശേഷം

കർത്താവേ നിന്നെ സ്നേഹിച്ചവരായ വാഴ്ത്തപ്പെട്ട സഹദേന്മാരോടുകൂടെയും, തങ്ങളുടെ പ്രവർത്തികളാൽ നിനക്കു ഇഷ്ടന്മാരായി തീർന്ന പരിശുദ്ധന്മാരോടുകൂടെയും, ഞങ്ങളുടെ മരിച്ചവർക്ക് ഒാർമ്മയെ ചമച്ചു നിന്റെ വലത്തുഭാഗത്തു നില്പാൻ അവരെ യോഗ്യരാക്കി ആശ്വസിപ്പിക്കണമെ. കർത്താവേ, ശുദ്ധമുള്ള നിന്റെ സഭ അതിന്റെ പ്രജകൾക്കായി ദുഃഖത്തോടു നിലവിളിച്ചുകൊണ്ട് നിന്നോട് അപേക്ഷിച്ചു പറയുന്നു. കർത്താവേ! മാമോദീസായാൽ നിന്നെ ധരിച്ചു എന്ന ജനങ്ങൾ നിന്നാൽ അനുകൂലപ്പെടുകയല്ലാതെ അഗ്നിനരകം നേടുമാറാകരുതേ.
അനുഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നവനെ…..

അനുഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നവനെ! അനുകൂലത്തിന്റെ ദിവസത്തിൽ നിന്റെ സൃഷ്ടിയെ നീ പുത്തനാക്കി അനുകൂലമാക്കേണമേ.

കർത്താവേ! നിന്റെ ആശ്രയത്തെക്കുറിച്ച് മരിച്ച്, നിന്റെ വരവിനായി നോക്കിപ്പാർക്കുന്ന ഞങ്ങളുടെ മരിച്ചുപോയവരെ നീ പുണ്യമാക്കണമേ.

അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ അവരെ നീ പാർപ്പിക്കേണമേ.

വന്നവനും വരുന്നവനും മരിച്ചവരെ അനുകൂലമാക്കുന്നവനുമായവൻ വാഴ്ത്തപ്പെട്ടവനാകുന്നു എന്ന് ശരീരങ്ങളും ആത്മാക്കളും ശരിയായിട്ടു നിലവിളിച്ചു പറയുമാറാകണമേ.

കർത്താവേ ഞങ്ങളുടെ നോമ്പും നമസ്കാരവും നിനക്കു വെടിപ്പുള്ള ധൂപം പോലെയായി സൗരഭ്യങ്ങളുടെ പുകപോലെ നിന്റെ സന്നിധാനത്തിങ്കൽ അത് കൈക്കൊള്ളപ്പെടുമാറാകണമെ. ശുദ്ധമുള്ള നോമ്പു ജയത്തിന്റെ അടയാളവും ശത്രുവാകുന്ന ദുഷ്ടന്റെ നേരെ തോല്ക്കാത്ത ആയുധവും ആകുന്നു.
കർത്താവേ! ഞങ്ങളുടെ നമസ്കാരം നിനക്കു ഇമ്പമുള്ളതാകണമെ. ഞങ്ങളുടെ അപേക്ഷ നിന്റെ തിരുമുമ്പാകെ പ്രവേശിക്കുമാറാകണമെ. ആനന്ദപരിമളം പോലെ നിന്റെ ശ്രേഷ്ഠതയുടെ മുമ്പാകെ അതു കൈക്കൊള്ളപ്പെടുമാറാകണമെ. കർത്താവേ നിന്നെ ഞങ്ങൾ വിളിക്കുന്നതുകൊണ്ട് ഞങ്ങളുടെ സഹായത്തിനു നീ എഴുന്നള്ളി ഞങ്ങളുടെ ആത്മാക്കളുടെ മേൽ അനുഗ്രഹം ചെയ്യേണമെ. നീതിമാന്മാരുടെയും പുണ്യവാന്മാരുടെയും നോമ്പിനെ കൈക്കൊണ്ട് എന്ന മ്ശിഹാതമ്പുരാനെ ഞങ്ങളുടെ നോമ്പും നമസ്ക്കാരവും നീ കൈക്കൊണ്ട് ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യേണമെ.

മോറാനേശു മിശിഹാ……
ഉയരങ്ങളിൽ ദൈവത്തിനു സ്തുതിയും, ഭൂമിയിൽ സമാധാനവും നിരപ്പും, മനുഷ്യമക്കൾക്കു നല്ല ശരണവും ഉണ്ടായിരിക്കട്ടെ.
(കുമ്പിടുക) 3 പ്രാവശ്യം.

4-ാം മസ്മൂർ

ബാറെക്മോർ. എന്റെ ദൈവവും എന്റെ നീതിയുടെ രക്ഷകനുമായുള്ളോവേ! ഞാൻ നിന്നെ വിളിച്ചപ്പോൾ നീ എന്നോട് ഉത്തരമരുളിച്ചെയ്തു.

ബാറെക്മോർ. എന്റെ ഞെരുക്കങ്ങളിൽ എന്നെ നീ ആശ്വസിപ്പിച്ചു. നീ എന്നോട് കരുണ ചെയ്ത് എന്റെ പ്രാർത്ഥനയെ കേൾക്കണമെ.

മനുഷ്യപുത്രന്മാരേ! നിങ്ങൾ എത്രത്തോളം എന്റെ ബഹുമാനത്തെ മറയ്ക്കുകയും, വ്യർത്ഥത്തെ സ്നേഹിക്കുകയും, വ്യാജത്തെ അന്വേഷിക്കുകയും ചെയ്യുന്നു; എന്നേയ്ക്കുമായിട്ടോ?

കർത്താവ് അത്ഭുതത്താൽ തിരഞ്ഞെടുക്കപ്പെട്ടവനെ തനിക്കായിട്ട് വേർതിരിച്ചു എന്നറിഞ്ഞുകൊൾവിൻ. ഞാൻ കർത്താവിനെ വിളിക്കുമ്പോൾ അവൻ കേൾക്കും.

നിങ്ങൾ കോപിപ്പിൻ; പാപം ചെയ്യരുത്. നിങ്ങളുടെ ഹൃദയങ്ങളിൽ പറയുകയും നിങ്ങളുടെ കിടക്കകളിന്മേൽ വിചാരിക്കയും ചെയ്വിൻ.

നിങ്ങൾ നീതിയുടെ ബലികളെ കഴിച്ച് കർത്താവിൽ ആശ്രയിപ്പിൻ.

നല്ലവനെ നമുക്ക് ആര് കാണിച്ചുതരുമെന്നും അവന്റെ മുഖപ്രകാശത്തെ നമ്മുടെ മേൽ വിരിക്കട്ടെയെന്നും പറയുന്നവർ പലരുമുണ്ട.്

കർത്താവേ! അവരുടെ ഗോതമ്പും വീഞ്ഞും എണ്ണയും ഒരുമിച്ച് സമാധാനത്തോടെ വർദ്ധിച്ച കാലത്തേക്കാൾ എന്റെ ഹൃദയത്തിൽ നിന്റെ സന്തോഷം നീ തന്നു.
ഞാൻ കിടന്നുറങ്ങും; എന്തെന്നാൽ കർത്താവേ! നീ മാത്രം എന്നെ അടക്കത്തോടെ വസിക്കുമാറാക്കും.

ദൈവമേ! സ്തുതി നിനക്ക് യോഗ്യമാകുന്നു. ബാറെക്മോർ.

മോർ യാക്കോബിന്റെ അപേക്ഷ

കർതൃകർത്താവേ! നിന്നെ ഞങ്ങൾ വിളിക്കുന്നിപ്പോൾ നീ എഴുന്നെള്ളി പ്രാർത്ഥനകേട്ടു കൃപചെയ്യണമെ.
ഇൗറേമാലാഖമാരുടെയും ഉടയവനായ
കർതൃകർത്താവേ! ആത്മാക്കൾമേൽ കൃപ ചെയ്യണമെ.
ബാവാപുത്രശുദ്ധറൂഹായെ വിശ്വാസത്താൽ
ഞങ്ങൾമുട്ടി നിൻകൃപകൊണ്ടുത്തരമരുൾക
നിൻമനോഗുണത്തെ ഞങ്ങൾകു നിൻ തിരുനാമം
സ്തോത്രം ചെയ്വാൻ ഞങ്ങളുടെ കൺകൾ വെളിവാക്കണമെ
നിന്റെ ദയയിൻ സങ്കേതത്തെ ഞങ്ങൾ പിടിച്ചു
നിന്നനുഗ്രഹത്താൽ ഞങ്ങളെ നീ ജീവിപ്പിക്കണമെ
ഞങ്ങളുടെ ദൈവമേ നിന്നിൽനിന്നു പ്രാർത്ഥിച്ചതിനാൽ ഞങ്ങൾക്കായി ശുദ്ധ ഹൃദയം നൽകീടണമെ
റൂഹായുധത്തെ ബീശേൻപക്കൽ പ്രയോഗിക്ക
ഞങ്ങളുടെ മുറിവേസൗഖ്യപ്പെടുത്തിരക്ഷിക്കണമെ
നിന്റെ പിന്നിൽ വന്നവരെ നാണിപ്പിക്കല്ലെ

എന്റെ കർത്താവേ! നിൻ വലങ്കയ്യാൽ രക്ഷിക്കണമെ
എന്റെയിഷ്ടം നിന്റേതാവാനാശിക്കുന്നു
സകലേശ്വരനാം സർവ്വപിതാവേ! വന്ദിക്കുന്നു
സകലഗുണവും നിന്നിൽനിന്നു ഞങ്ങൾ വാങ്ങി
വ്യാപാരിയെപോൽ ഞങ്ങളുടെ ദ്രവ്യം നീ വാങ്ങണമെ

പഠിപ്പാൻ നിന്റെ സൽപുസ്തകത്തെ നൽകീടണമെ
ദാസാദാസിസുതരെ ജീവിപ്പിക്കണമെ
എന്റെ കർത്താവേ! നിന്റെ ദേഹരക്തങ്ങളെയും
തിന്നുകുടിച്ച ഞങ്ങളെ നീ ജീവിപ്പിക്കണമ
െനിന്റെ സ്ലീബാ ഞങ്ങളുടെ ദേഹോപദ്രവത്തിനു
കോട്ടയതായി ഞങ്ങൾക്കതിനെ നൽകീടണമെ
ഇടയാ നിന്റെ ഇടവകയുടെ കുഞ്ഞാടാക്കാ
നിന്റെ വലങൈ്ക ഞങ്ങളുടെമേൽ ആവസിപ്പിക്ക
ലോകപിതാവാം രാജരാജാവേ നിനക്കുസ്തോത്രം
ഞങ്ങളുടെ അപേക്ഷ കാഴ്ചയെപ്പോൽ കൈക്കൊള്ളണമെ
നിഖിലം ശ്രവിക്കും നമസ്ക്കാരം കൈക്കൊള്ളുന്നവനേ പ്രാർത്ഥനകേട്ടു ആത്മാക്കളെ നീ രക്ഷിക്കേണമെ.
കൗമ്മാ

സൂത്താറാ നമസ്ക്കാരം
കൗമ്മാ
കരുണയുള്ള ദൈവമേ! നിന്റെ വാതിലിൽ ഞങ്ങളുടെ അപേക്ഷയുടെ സ്വരം മുട്ടുന്നു. നിന്നെ വന്ദിക്കുന്നവരുടെ ആവശ്യങ്ങളെ നീ വിരോധിക്കരുതേ. ദൈവമേ! ഞങ്ങളുടെ ബലഹീനതയുടെ സഹായത്തിനു നിന്നെ ഞങ്ങൾ വിളിക്കുന്നു. നല്ലവനേ, ഞങ്ങളുടെ അപേക്ഷയുടെ സ്വരം കേട്ട് നിന്റെ അനുഗ്രഹങ്ങളാൽ ഞങ്ങളുടെ യാചനകൾ നൽകുമാറാകണമേ.

മാർ അപ്രേമിന്റെ ബോവൂസോ

ഞങ്ങൾക്കുള്ള കർത്താവേ!
ഞാനിഹ നിദ്രയൊഴിഞ്ഞിട്ട്
ഉണർവ്വോടെ നിൻ തിരുമുമ്പിൽ
നിൽപ്പാനെനിക്കു നീ നൽകണമേ
.
വീണ്ടും ഞാനുറങ്ങുന്നാകിൽ
എനിക്കുള്ള എന്റെയുറക്കം
കർത്താവേ! നിൻ തിരുമുമ്പിൽ
ദോഷം കൂടാതാകണമേ.

എന്നുണർച്ചയിൽ ഞാൻ ചതിപെടുകിൽ
നിൻ നന്മയിൽ ഞാൻ പൊറുക്കപ്പെടും
ഉറക്കത്തിൽ ഞാൻ പിഴച്ചെങ്കിൽ
പൊറുപ്പാൻ കരുണ നീ ചെയ്യണമേ.

തവക്ഷീണത്തിൽ സ്ക്കീപ്പായാൽ
നല്ലയുറക്കമെനിക്കു നീ താ
ആകാ സ്വപ്നമശുദ്ധിയിൽ നി-
ന്നെന്നെ നീ രക്ഷിച്ചുകൊള്ളണമെ

നിരപ്പുനിറഞ്ഞ ഉറക്കത്തിൽ
രാവൊക്കെ എന്നെ നീ ഭരിക്കാ
തണ്യവരും വോനിനവും
എന്നിൽ മുഷ്ക്കരമാക്കല്ലേ.

നിന്റെയടിയാൻ ഞാനതിനാ-
ലെന്റെ സന്ധികൾ കാപ്പാനായ്,
വെളിവിനുടെ മാലാഖായെ
എനിക്കു നീ തരണം കർത്താവേ!

ദ്വേഷതപെട്ടയപേക്ഷയിൽ നി-
ന്നെന്നെ നീ രക്ഷിച്ചുകൊള്ളണമേ,
ഉയിർപ്പെട്ട നിൻ ദേഹത്തെ
ഞാനനുഭവിച്ചെന്നതിനാലെ.

ഞാൻ ചരിഞ്ഞനുകൂലത്താലുറങ്ങുമ്പോൾ
നിന്റെ ചോരയെനിക്കു കാവൽ,
നിൻ മനച്ചിലിനുടെ സ്വതകർമ്മം
നിൻ കൃപയോടെ നൽകണമേ.

നിൻ കൈ മനഞ്ഞ ശരീരത്തിൽ
നിന്റെ വലത്തേതാക്കണമേ,
നിന്റെ കരുണകൾ കോട്ടയതാ-
യെനിക്കു നീ ചുറ്റിച്ചുകൊള്ളണമേ.

ശരീരമടങ്ങിയുറങ്ങുമ്പോൾ
കാവലതായതു നിൻശക്തി,
സൗരഭ്യമായ ധുപം പോ-
ലെന്റെയുറക്കം തിരുമുമ്പിൽ.

നിന്നെപ്പെറ്റെന്നമ്മയുടെ
നിന്നോടുള്ളയപേക്ഷയാലെ
എനിക്കുള്ള ശയനത്തിന്മേൽ
തിന്മപെട്ടവനണയരുതേ.

എനിക്കുവേണ്ടീട്ടുണ്ടായെന്ന
നിനക്കുള്ള പൂജയാലെ
എന്നെ വ്യസനത്തിലാക്കായ്വാൻ
സാത്താനെ നീ മുടക്കണമേ.

കർത്താവേ! നിൻ പറഞ്ഞൊപ്പ്
എന്റെ പക്കൽ തികയ്ക്കണമേ
നിനക്കുള്ള + സ്ലീബയാലെ
എന്റെ ആയുസ്സു കാക്കണമേ.

ഞാനുണരപ്പെട്ടെന്നപ്പോൾ
നിന്നെ ഞാൻ കൊണ്ടാടുവാൻ
എന്റെ തളർച്ചയുടെ പക്കൽ
നിന്റെയുപവി നീ കാട്ടണമേ.

നിൻ തിരുമനസിനെ ഞാനറിഞ്ഞ്
ഞാനതിനെ ചെയ്വാനായി
നിൻതിരുമനോഗുണമതിനാലെ
എനിക്കു നീ മനോഗുണം ചെയ്യണമേ.

നിരപ്പു നിറഞ്ഞോരന്തിയും
പുണ്യത്വത്തിനുടെ രാവും
ഞങ്ങളുടെ രക്ഷകാരൻ മിശിഹാ
കർത്താവെ! അടിയാർക്കു നീ തരിക

വെളിവിൽ താൻ പ്രകാശിച്ചു
വെളിവിൽതന്നെ പാർക്കുന്നു
വെളിവിനുടെ സുതരായവരും
നിന്നെത്തന്നെ വന്ദിക്കുന്നു.

നിനക്കു സ്തുതി നിന്നനുഗ്രഹങ്ങൾ
ഞങ്ങളുടെ മേലുമതാകണമേ
ഇഹലോകത്തിലുമതുപോലെ
പരലോകത്തിലുമാകണമേ

എന്റെ കർത്താവേ! നിനക്കു സ്തുതി
നിനക്കു സ്തുതി, സ്തുതി നിനക്കു സ്തുതി
ആയിരങ്ങളുടെ ആയിരവും
അളവുകൂടാതെ നിനക്കു സ്തുതി.

സ്വർഗ്ഗാദൂതർക്കുടയവനെ!
അവരാൽ മഹത്വപ്പെടുന്നവനേ
വന്ദനവോടു നിനക്കു സ്തുതി
പ്രാർത്ഥനകൾ കൈക്കൊള്ളണമെ

ത്രിയേകമേകത്രിയാം
ഏകദൈവമായുള്ള
പിതൃസുതപരിശുദ്ധാത്മാവാം
സത്യപരനെ നിനക്കു സ്തുതി

ബലഹീനരുടെ അപേക്ഷകളും
അനുതാപികളുടെ കണ്ണുനീരും
മുൻഫലമായ കാഴ്ചകൾ പോൽ
കൈക്കൊൾവോനെ നിനക്കു സ്തുതി

സ്വർഗ്ഗാദൂതന്മാർ തന്നെ
സ്തുതിയാൽ ഘോഷിക്കുന്നവനേ
പൂഴികളായവരിൽനിന്നു
അളവില്ലാതെ നിനക്കു സ്തുതി

പിതൃസുത പരിശുദ്ധാത്മാവാം
ഏകദൈവത്തിൻ പക്കൽ
നിർമ്മലമായ ബോധത്താൽ
സ്തോത്രം നാം ചെയ്തീടേണം

കൊല്ലും വഞ്ചനയായുള്ള
പൊന്നും വെള്ളിയും നേടേണ്ടാ
നിത്യജീവൻ പ്രാപിപ്പാൻ
സത്യോപദേശം കേൾക്ക

നാല്പതുനാൾ ഉപവസിക്ക
വിശക്കുന്നവനപ്പം കൊടുക്ക
ഇൗശൈസുതനെപ്പോൽദിനം
ഏഴുവട്ടം പ്രാർത്ഥിക്ക

മോശയുമേലിയാവും
നാല്പതുദിനം നോമ്പെടുത്തു
നമ്മുടെ കർത്താവും നോറ്റു
ആകൽക്കറുസായെ ജയിച്ചു

കടൽകൂപാമഗ്നികളിൽ
രക്ഷിച്ചെന്നാ പ്രാർത്ഥനകൾ
ഞങ്ങളുടെ നമസ്ക്കാരങ്ങൾക്കു
കൃപയുടെ വാതിൽ തുറക്കണമേ

നമസ്ക്കാരം കേൾക്കുന്നവനേ
യാചനകൾ നൽകുന്നവനേ
ഞങ്ങളുടെ നമസ്ക്കാരം കേട്ട്
യാചനകൾ നൽകീടണമെ

91, 121 മസ്മൂർകൾ

ബാറെക്മോർ, അത്യുന്നതന്റെ മറവിൽ ഇരിക്കുന്നവനും ദൈവത്തിന്റെനിഴലിൽ മഹത്വപ്പെടുന്നവനും ആയുള്ളോവേ!

ബാറെക്മോർ, എന്റെ ശരണവും സങ്കേതസ്ഥലവും ഞാൻ ആശ്രയിച്ചിരിക്കുന്ന ദൈവവും നീയാകുന്നുവെന്ന് കർത്താവിനെക്കുറിച്ച് നീ പറക.

എന്തെന്നാൽ അവൻ വിരുദ്ധത്തിന്റെ കെണിയിൽനിന്നും വ്യർത്ഥസംസാരത്തിൽ നിന്നും നിന്നെ രക്ഷിക്കും

അവൻ തന്റെ തൂവലുകൾകൊണ്ടുനിന്നെ രക്ഷിക്കും. അവന്റെ ചിറകുകളുടെ കീഴിൽ നീ മറയ്ക്കപ്പെടും. അവന്റെ സത്യം നിന്റെ ചുറ്റും ആയുധമായിരിക്കും.

നീ രാത്രിയിലെ ഭയത്തിൽനിന്നും പകൽ പറക്കുന്ന അസ്ത്രത്തിൽനിന്നും ഇരുട്ടിൽ സഞ്ചരിക്കുന്ന വചനത്തിൽനിന്നും ഉച്ചയിലൂതുന്ന കാറ്റിൽനിന്നും ഭയപ്പെടുകയില്ല.

നിന്റെ ഒരു ഭാഗത്തു ആയിരങ്ങളും നിന്റെ വലതു ഭാഗത്ത് പതിനായിരങ്ങളും വീഴും.

അവർ നിങ്കലേക്ക് അടുക്കുകയില്ല. എന്നാലോ നിന്റെ കണ്ണുകൾകൊണ്ടു നീ കാണുകമാത്രം ചെയ്യും. ദുഷ്ടന്മാർക്കുള്ള പ്രതിഫലത്തെ നീ കാണും.

എന്തെന്നാൽ തന്റെ വാസസ്ഥലം ഉയരങ്ങളിൽ ആക്കിയ എന്റെ ശരണമായ കർത്താവു നീയാകുന്നു.

ദോഷം നിന്നോടടുക്കുകയില്ല. ശിക്ഷ നിന്റെ വാസസ്ഥലത്തിനു സമീപിക്കുകയുമില്ല.

എന്തെന്നാൽ നിന്റെ സകല വഴികളും നിന്നെ കാക്കേണ്ടതിനായിട്ട് അവൻ നിന്നെക്കുറിച്ച് അവന്റെ മാലാഖമാരോടു കല്പിക്കും.

നിന്റെ കാലിൽ നിനക്ക് ഇടർച്ചയുണ്ടാകാതിരിപ്പാൻ അവർ തങ്ങളുടെ ഭുജങ്ങളിന്മേൽ നിന്നെ വഹിക്കും.

ഗോർസോ സർപ്പത്തെയും ഹർമ്മോനോ സർപ്പത്തെയും നീ ചവിട്ടും. സിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിക്കും.

അവൻ എന്നെ അന്വേഷിച്ചതുകൊണ്ട് ഞാൻ അവനെ രക്ഷിക്കും. അവൻ എന്റെ നാമം അറിഞ്ഞതുകൊണ്ട് ഞാൻ അവനെ ബലപ്പെടുത്തും.

അവൻ എന്നെ വിളിക്കും. ഞാൻ അവനോട് ഉത്തരം പറയും. ഞെരുക്കത്തിൽ ഞാൻ അവനോടുകൂടെയിരുന്ന് അവനെ ബലപ്പെടുത്തി ബഹുമാനിക്കും.

ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തിപ്പെടുത്തും. എന്റെ രക്ഷ അവനു ഞാൻ കാണിക്കുകയും ചെയ്യും.

ഞാൻ പർവ്വതത്തിലേക്ക് എന്റെ കണ്ണുകൾ ഉയർത്തും. എന്റെ സഹായക്കാരൻ എവിടെ നിന്നു വരും.

എന്റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിന്റെ സന്നിധിയിൽ നിന്നാകുന്നു.

അവൻ നിന്റെ കാൽ ഇളകുവാൻ സമ്മതിക്കയില്ല. നിന്റെ കാവൽക്കാരൻ ഉറക്കം തൂങ്ങുകയില്ല.

എന്തെന്നാൽ യിസ്രായേലിന്റെ കാവൽകാരൻ ഉറക്കം തൂങ്ങുന്നുമില്ല, ഉറങ്ങുന്നുമില്ല.

കർത്താവു നിന്റെ കാവൽകാരനാകുന്നു. കർത്താവു തന്റെ വലതു കൈകൊണ്ടു നിനക്കു നിഴലിടും.

പകൽ സൂര്യനെങ്കിലും രാത്രിയിൽ ചദ്രനെങ്കിലും നിന്നെ ഉപദ്രവിക്കയില്ല.

കർത്താവു സകല ദോഷങ്ങളിലും നിന്നെ കാത്തുകൊള്ളും. കർത്താവു നിന്റെ ആത്മാവിനെ കാത്തുകൊള്ളും.

അവൻ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നു മുതൽ എന്നേക്കും കാത്തു കൊള്ളും.

ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു.
ബാറക്മോർ.

അപേക്ഷ

മഹോന്നതന്റെ മറവിലിരിക്കുന്നവനായ കർത്താവേ! നിന്റെ കരുണയിൻ ചിറകുകളുടെ നിഴലിൻ കീഴിൽ ഞങ്ങളെ മറച്ചു ഞങ്ങളോടു കരുണയുാകേണമേ.

സകലവും കേൾക്കുന്നവനേ! നിന്റെ കരുണയാൽ നിന്റെ അടിയാരുടെ അപേക്ഷ നീ കേൾക്കേണമേ.

മഹത്വമുള്ള രാജാവായി ഞങ്ങളുടെ രക്ഷകനായ മിശിഹാ നിരപ്പു നിറഞ്ഞിരിക്കുന്ന സന്ധ്യയും പുണ്യമുള്ള രാവും ഞങ്ങൾക്കു നീ തരണമേ.

ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു നോക്കിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ കടങ്ങളും പാപങ്ങളും നീ പുണ്യപ്പെടുത്തി ഇൗ ലോകത്തിലും ആ ലോകത്തിലും ഞങ്ങളോടു കരുണ ചെയ്യേണമേ.

കർത്താവേ! നിന്റെ കരുണ ഞങ്ങളെ മറച്ച് നിന്റെ കൃപ ഞങ്ങളുടെ മുഖങ്ങളിൽ നിൽക്കേണമേ.
നിന്റെ സ്ലീബാ + ദുഷ്ടനിൽനിന്നും അവന്റെ സൈന്യങ്ങളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

ഞങ്ങൾ ജീവനോടിരിക്കുന്ന നാളുകളൊക്കെയും നിന്റെ വലത്തുകൈ ഞങ്ങളുടെ മേൽ ആവസിപ്പിക്കണമേ. നിന്റെ നിരപ്പു ഞങ്ങളുടെ ഇടയിൽ വാഴുമാറാകണമേ. നിന്നോടപേക്ഷിക്കുന്ന ആത്മാക്കൾക്കു ശരണവും രക്ഷയും നീ ഉണ്ടാക്കണമേ.

നിന്നെ പ്രസവിച്ച മറിയാമിന്റെയും നിന്റെ സകല പരിശുദ്ധന്മാരുടെയും പ്രാർത്ഥനയാൽ, ദൈവമേ ഞങ്ങളുടെ കടങ്ങൾക്കു നീ പരിഹാരമുണ്ടാക്കി ഞങ്ങളോടു കരുണ ചെയ്യണമേ.

ക്രൂബേന്മാരുടെ സ്തുതിപ്പ് (കൗമാ)

കർത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. +
വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.
കർത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. +
വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ
കർത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്തുനിന്നു എന്നന്നേക്കും വാഴ്ത്തപ്പെട്ടതുമാകുന്നു. +
വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, കൃപയുായി ഞങ്ങളോടു കരുണയുാകണമേ.
നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു.
നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു.
നീ എന്നേക്കും വിശുദ്ധിയുള്ളവനും നിന്റെ തിരുനാമം വാഴ്ത്തപ്പെട്ടതുമാകുന്നു.
ഞങ്ങളുടെ കർത്താവേ നിനക്കു സ്തുതി, ഞങ്ങളുടെ കർത്താവേ നിനക്കു സ്തുതി, എന്നേക്കും ഞങ്ങൾക്കുള്ള ശരണവുമേ നിനക്കു സ്തുതി.
ബാറക്മോർ

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ!….
കൃപനിറഞ്ഞ മറിയമേ!….

വിശ്വാസപ്രമാണം

സർവ്വശക്തിയുള്ള പിതാവായി ആകാശത്തിന്റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.

ദൈവത്തിന്റെ ഏകപുത്രനും, സർവ്വലോകങ്ങൾക്കും മുമ്പിൽ പിതാവിൽ നിന്നു ജനിച്ചവനും പ്രകാശത്തിൽ നിന്നുള്ള പ്രകാശവും സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തിൽ പിതാവിനോടു സമത്വമുള്ളവനും, തന്നാൽ സകലവും നിർമ്മിക്കപ്പെട്ടവനും, മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി തിരുവിഷ്ടപ്രകാരം സ്വർഗ്ഗത്തിൽ നിന്നിറങ്ങി, വിശുദ്ധറൂഹായിൽ നിന്നും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമിൽനിന്നും ശരീരിയായിതീർന്ന് മനുഷ്യനായി പൊന്തിയോസ് പീലാത്തോസിന്റെ ദിവസങ്ങളിൽ ഞങ്ങൾക്കുവേണ്ടി കുരിശിക്കപ്പെട്ട്, കഷ്ടമനുഭവിച്ച്, മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ്, സ്വർഗ്ഗത്തിലേക്കു കരേറി തന്റെ പിതാവിന്റെ വലത്തുഭാഗത്തിരുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാൻ തന്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്റെ രാജത്വത്തിന് അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ, ഏകകർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കർത്താവും, പിതാവിൽ നിന്നു പുറപ്പെട്ട്, പിതാവിനോടും പുത്രനോടുംകൂടി വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായി ജീവനും വിശുദ്ധിയുമുള്ള ഏകറൂഹായിലും കാതോലിക്കായ്ക്കും ശ്ലീഹായ്ക്കു മടുത്ത ഏകവിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു.

പാപമോചനത്തിനു മാമോദീസാ ഒന്നുമാത്രമേ ഉള്ളു എന്ന് ഞങ്ങൾ ഏറ്റുപറഞ്ഞ് മരിച്ചുപോയവരുടെ ഉയർപ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങൾ നോക്കിപ്പാർക്കുന്നു. ആമ്മീൻ.

ബാറെക്മോർ, സ്തൗമൻകാലോസ്,
കുറിയേലായിസോൻ, കുറിയേലായിസോൻ,
കുറിയേലായിസോൻ,

ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ മേൽ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കർത്താവേ! നീ കൃപ ചെയ്തു ഞങ്ങളുടെമേൽ അനുഗ്രഹിക്കേണമെ.ഞങ്ങളുടെ കർത്താവേ! നീ ഉത്തരമരുളിച്ചെയ്തു ഞങ്ങളുടെമേൽ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കർത്താവേ നിനക്കു സ്തുതി ഞങ്ങളുടെ കർത്താവേ നിനക്കു സ്തുതി എന്നേക്കും ഞങ്ങൾക്കുള്ള ശരണമേ നിനക്കുസ്തുതി. ബാറെക്മോർ.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ….
നന്മനിറഞ്ഞ മറിയം…. ഇത്യാദി

ആശിർവ്വാദം
ശുദ്ധമുള്ള ബാവാ! ശുദ്ധമുള്ള നിന്റെ തിരുനാമത്താൽ ഞങ്ങളെ കാത്തുകൊള്ളേണമേ. രക്ഷിതാവായ പുത്രാ! ജയമുള്ള നിന്റെ + സ്ലീബായാൽ ഞങ്ങളെ മറച്ചുകൊള്ളണമേ. ശുദ്ധമുള്ള റൂഹാ! ശുദ്ധമുള്ള നിന്റെ കുടിയിരിപ്പിനു ഭവനങ്ങളായി ഞങ്ങളെ ചമയ്ക്കണമേ. ഞങ്ങളുടെ ദൈവമായ കർത്താവേ! നേരമൊക്കെയിലും എല്ലാസമയങ്ങളിലും നിന്റെ ദൈവത്വത്തിന്റെ ചിറകുകളുടെ കീഴിൽ എന്നേക്കും ഞങ്ങളെ മറച്ചുകൊള്ളണമേ.
ആമ്മീൻ.

 

 

No posts to display